“100 ദിവസങ്ങൾ – 100 പ്രദർശനങ്ങൾ” സി.പി.ആർ അവേർനെസ് ഫെസ്റ്റിന്റെ അടുത്ത അവതരണം ജൂൺ 20ന്
സിപിആർ അവബോധ ക്യാമ്പയിന്റെ ഭാഗമായി ‘ഫോർ യു’ സിനിമാ പ്രദർശനവും സംവാദ പരിപാടിയും ശനിയാഴ്ച ഇടപ്പള്ളിയിലെ രാഘവൻ പിള്ള പാർക്കിൽ
പരിപാടി വിവരങ്ങൾ
സ്ഥലം: രാഘവൻ പിള്ള പാർക്ക്, ഇടപ്പള്ളി
തീയതി: ജൂൺ 20, ശനിയാഴ്ച
സമയം: വൈകിട്ട് 5 മണി
പ്രവേശനം: സൗജന്യം
കൊച്ചി: ഹൃദയസ്തംഭനം സംഭവിക്കുന്ന സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സി.പി.ആർ (Cardio Pulmonary Resuscitation) സംബന്ധിച്ച പൊതുജന അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന “100 ദിവസങ്ങൾ – 100 പ്രദർശനങ്ങൾ സി.പി.ആർ അവേർനെസ് ഫെസ്റ്റ്” പരിപാടിയുടെ അടുത്ത അവതരണം ഈ മാസം 20-ന് (ശനിയാഴ്ച) ഇടപ്പള്ളിയിലെ രാഘവൻ പിള്ള പാർക്കിൽ നടക്കും.
സി.പി.ആർ എന്താണ്, അത് എങ്ങനെ ചെയ്യണം, ഏത് സാഹചര്യങ്ങളിലാണ് സി.പി.ആർ ആവശ്യമായി വരുന്നത്, സമയോചിതമായ ഇടപെടലിലൂടെ എങ്ങനെ ജീവൻ രക്ഷിക്കാനാകുമെന്നത് സംബന്ധിച്ച് പൊതുജനങ്ങളെ ലളിതമായി ബോധവൽക്കരിക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
ഇതിന്റെ ഭാഗമായി ആദ്യം ‘ഫോർ യു’ എന്ന ബോധവൽക്കരണ സിനിമ പ്രദർശിപ്പിക്കും. ഹൃദയസ്തംഭനവും അതുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സി.പി.ആറിന്റെ ആവശ്യകതയും പ്രാധാന്യവും ഒരു കഥയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.
സിനിമാ പ്രദർശനത്തിന് ശേഷം സി.പി.ആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രേക്ഷകരുമായി സംവാദവും സംശയനിവാരണ പരിപാടിയും നടക്കും. പൊതുജനങ്ങൾക്ക് അവരുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിശദീകരണങ്ങൾ നേടാനും അവസരമുണ്ടാകും.
പോണേക്കര സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാവുന്ന പരിപാടിയിലേക്ക് പ്രദേശവാസികളെയും, ആരോഗ്യ പ്രവർത്തകരെയും, വിദ്യാർത്ഥികളെയും സംഘാടകർ ക്ഷണിച്ചു.
ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന അടിസ്ഥാന പ്രഥമശുശ്രൂഷാ അറിവുകൾ സമൂഹത്തിലുടനീളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർന്നും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആവിഷ്കാര മീഡിയ പബ്ലിക് അവെയർനസ് ട്രസ്റ്റ് അറിയിച്ചു.